നാണയം എന്ന രൂപത്തിലാണ് വെള്ളി എന്ന ലോകം ആദ്യകാലത്ത് പ്രചാരത്തിൽ ആയത്. ഏഷ്യ മൈനറിലെ ലിഡിയ സാമ്രാജ്യമാണ് വെള്ളിയുടെയും സ്വർണത്തിന്റെയും സങ്കരമായ ഇലക്ട്രം ഉപയോഗിച്ച് ആദ്യമായി നാണയം നിർമ്മിച്ചത്.
പിന്നീട് ഗ്രീസ് റോമാ അറബ് നാടുകളിലും ഇന്ത്യയിലും ഒക്കെ വെള്ളി കൊണ്ടുള്ള നാണയങ്ങൾ പ്രചാരത്തിലായി. തുടർന്ന് വെള്ളി ആഭരണങ്ങളും വെള്ളിപാത്രങ്ങളും ഒക്കെ നിലവിൽ വന്നു. പിന്നീട് വെള്ളിയുടെ താപ വൈദ്യുത പ്രത്യേകതകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് പലരംഗത്തും വെള്ളി ഉപയോഗിച്ച് തുടങ്ങി.
ഇലക്ട്രിക്കൽ കോൺടാക്ട്, കണ്ടക്ടർ, സോളാർ പാനലുകൾ എന്നിവയൊക്കെ വെള്ളിയുടെ താപ വൈദ്യുത പ്രത്യേകതകൾ പ്രയോജനപ്പെടുത്തി രൂപപ്പെടുത്തിയവയാണ്. വെള്ളിയുടെ പ്രതിഫലനശേഷി ഉപയോഗപ്പെടുത്തി കണ്ണാടികൾ നിർമ്മിക്കാനും ഇത് ഉപയോഗിക്കുന്നു.
പല ഓക്സിഡേഷൻ രാസപ്രവർത്തനങ്ങളിലും വെള്ളി ഒരു കാറ്റലിസ്റ്റ് ആയി ഉപയോഗിക്കാറുണ്ട്. വെള്ളിയുടെ സംയുക്തമായ സിൽവർ നൈട്രേറ്റ് മെഡിക്കൽ രംഗത്ത് അണുനാശിനിയായി പ്രയോജനപ്പെടുത്തുന്നു. ശസ്ത്രക്രിയ ഉപകരണങ്ങൾ, ബാൻഡേജുകൾ എന്നിവയിലൊക്കെ വെള്ളി ഉപയോഗിക്കുന്ന പതിവുണ്ട്.
ഒരു സമയത്ത് വെള്ളി ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെട്ടത് ഫോട്ടോഗ്രാഫിയിൽ ആയിരുന്നു. വെള്ളിയുടെ സംയുക്തങ്ങളായ സിൽവർ ഹാലേഡുകൾ പ്രകാശവുമായിപ്രതി പ്രവർത്തിക്കുന്നവയാണ്. അതിനാൽ പരമ്പരാഗത ഫിലിം ഫോട്ടോഗ്രാഫിയിൽ വെള്ളി ഒഴിച്ചുകൂടാൻ ആവാത്ത ഒന്നായിരുന്നു. എന്നാൽ പുതിയ ഡിജിറ്റൽ ഫോട്ടോഗ്രാഫിയുടെ വരവോടെ വെള്ളിയുടെ ഉപയോഗം ഈ മേഖലകളിൽ ഗണ്യമായി കുറഞ്ഞു.
വെള്ളിയുടെ പ്രധാനപ്പെട്ട സംയുക്തങ്ങളാണ് സിൽവർ ഓക്സൈഡ്, സിൽവർ സൾഫൈഡ്, സിൽവർ ക്ലോറൈഡും സിൽവർ ബ്രോമേഡും അടക്കമുള്ള സിൽവർ ഹാലേഡുകൾ, സിൽവർ നൈട്രേറ്റ് തുടങ്ങിയവ
മഴ വളരെ കുറവായ പ്രദേശങ്ങളിൽ കൃത്രിമമായി മഴ പെയ്യിക്കാൻ വേണ്ടി വെളിയുടെ സംയുക്തം ഉപയോഗിക്കുന്നുണ്ട്. മേഘങ്ങളിൽ ചില പ്രത്യേക രാസവസ്തുക്കൾ വിതറി സാന്ദ്രത വർധിപ്പിച്ചാണ് അവയെ മഴയായി ഭൂമിയിലേക്ക് പെയ്യിക്കുന്നത്. ഇത്തരം കൃത്രിമമായ മഴ ഉണ്ടാക്കാൻ വെള്ളിയുടെ സംയുക്തമായ സിൽവർ അയോഡൈഡ് ആണ് പ്രധാനമായും ഉപയോഗിക്കുന്നത്.
വെള്ളിയുടെ വില സാധാരണ കണക്കാക്കുന്നതിന് ഉപയോഗിക്കുന്ന യൂണിറ്റാണ് ട്രോയി ഔൺസ്. ഒരു ട്രോയി ഔൺസ് 31.1034768 ഗ്രാമിന് തുല്യമാണ്. പതിനാറാം നൂറ്റാണ്ടിലെ പ്രശസ്ത ഫ്രഞ്ച് വ്യാപാര നഗരമായ ട്രോയി നഗരത്തിന്റെ പേരിൽ നിന്നാണ് ഈ യൂണിറ്റിന് പേര് കിട്ടിയത്. അന്ന് ഒരു ട്രോയി ഔൺസ് കണക്കാക്കിയിരുന്നത് 480 ബാർലി മണികളുടെ ഭാരമാണ്
0 Comments